Saturday, December 22, 2007

സാലഭഞ്ജിക

നിന്നില്‍ നിന്ന് ഒഴിഞ്ഞുപോകുംമുമ്പ്
നിന്റെ തട്ടകത്തിലെ
പൊന്‍ചെമ്പകക്കൊമ്പ് ഞാന്‍
മുറിച്ചിടും.
എന്റെ അടയാളമാണത്.
നിന്നെ സ്നേഹിക്കുമ്പോള്‍ എനിക്കെന്തുനൊന്തിരുന്നെന്നോ?
എന്റെ തിരുനെറ്റിയില്‍
നീയുറപ്പിച്ച ആണികള്‍
നിന്റെ പ്രണയപാരിതോഷികങ്ങള്‍,
നിനക്കവയൊരിക്കലും മടക്കാതെ ഞാന്‍
കാത്തുവയ്ക്കും.
ചങ്ങാതി,
നമ്മളിനിയും കാണും.
തട്ടകം വിട്ട്,
മന്ത്രബന്ധങ്ങളഴിഞ്ഞ്,
ഉപാസനാമൂര്‍ത്തികള്‍ ബാധിര്യം നടിക്കുന്നനാളില്‍
നീ വരും.
ഒറ്റയ്ക്കിരുട്ടില്‍,എന്റെ പാലപ്പടര്‍പ്പിനടിയില്‍
പകച്ചനോട്ടവുമായി
നീ വഴിതെറ്റിയെങ്കിലും എത്തും.
ക്ലാവുപിടിച്ച വിളക്കുമായി ഞാനുണ്ടാവും;
നീയെരിഞ്ഞ് എനിക്കുവെളിച്ചമാവുക.

3 comments:

ഏറനാടന്‍ said...

ബ്ലോഗാശംസകള്‍..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായിരിക്കുന്നു..ഭാവുകങ്ങള്‍

Gopan | ഗോപന്‍ said...

നന്നായിരിക്കുന്നു...
:-)
ഗോപന്‍