Tuesday, May 20, 2008

പടിയിറക്കം

വധുപടിയിറങ്ങുമ്പോള്‍ അതൊട്ടും മംഗളകരമല്ല;
അവള്‍ കരയും, അവളുടെ ആള്‍ക്കാരും.
വരസംഘത്തിനു നുറുങ്ങുതമാശ,
കല്യാണക്കാണികള്‍ക്കും ഉണ്ണികള്‍ക്കും
ചിരി മേമ്പൊടി,
നീലപുരണ്ട മൊഴിയേറുകളില്‍ നിന്നു വമിക്കുന്ന
അറപ്പുളവാക്കുന്ന ഗന്ധം.
എല്ലാം കഴിഞ്ഞു തട്ടിക്കുടഞ്ഞ്
അതിഥികള്‍ പിരിയും,
അടുത്ത കല്യാണത്തിനു വീണ്ടും കാണാം.
വധു കരഞ്ഞുതോര്‍ന്ന്
വരന്റെ പുത്തന്‍ കുടയ്ക്കടിയില്‍
പുതിയ ആകാശങ്ങള്‍ തിരയുന്നു.
നിനക്കറിയുമോ,
നീയിരുന്ന കൊമ്പ് മുറിഞ്ഞുവീണ ശബ്ദമായിരുന്നു
നിനക്കായി തുറന്ന വാഹനവാതിലിന്!
നീ പടിയിറങ്ങി തിരിഞ്ഞുനോക്കിയില്ല,
നന്ന്!
നീയിറങ്ങിവന്ന പടികള്‍
മറഞ്ഞുപോയിരിക്കുന്നു.
നിനക്കൊരിക്കലും ഈ പടികള്‍
ഇനിയൊന്നുകൂടി കയറാന്‍ പറ്റില്ല.
മറ്റൊന്നും കൊണ്ടല്ല,
പടികയറി നീ ചെല്ലുമ്പോള്‍
ശൂന്യതയാണവിടെ നിന്നെ വരവേല്‍ക്കാന്‍.
നിനക്കു നോവും.
തിരിച്ചോടിയിറങ്ങി വരുമ്പോള്‍
നെഞ്ചിലിരമ്പുന്ന ഉപ്പുകടലിനെ
കുടിച്ചുവറ്റിക്കാന്‍
നിന്റെ അഗസ്ത്യന്‍ പോര; കുഞ്ഞേ,
നിനക്കു പുതിയ ആകാശങ്ങള്‍ കാട്ടിത്തന്നവര്‍
മറന്നുപോയി,
നിനക്കു ചിറകുമുളച്ചോ എന്നു നോക്കാന്‍
നിന്നെ ആശീര്‍വദിച്ച സ്വന്തക്കാര്‍
മറന്നേപോയി,
ഒരിക്കല്‍ക്കൂടി നിന്നെ കൈക്കൂട്ടിലൊതുക്കി
സാരമില്ല, സാരമില്ല എന്നു പറയാന്‍..
പോട്ടെ,
സാരമില്ല;
സാരമില്ല!

4 comments:

ഫസല്‍ ബിനാലി.. said...

ചില വരികളിലെവിടെയൊക്കെയോ ജീവിതത്തിന്‍റെ നാദസ്വരം

Ranjith chemmad / ചെമ്മാടൻ said...

"നിനക്കറിയുമോ,
നീയിരുന്ന കൊമ്പ് മുറിഞ്ഞുവീണ ശബ്ദമായിരുന്നു
നിനക്കായി തുറന്ന വാഹനവാതിലിന്!"

പാതിയിലേറെയും അങ്ങനെയാകുന്നു.
നല്ല കവിത!

Shooting star - ഷിഹാബ് said...

വളരെ ഇഷ്ടപ്പെട്ടു. ഭൂരിഭാഗത്തിന്റെയും അവസ്ഥകള്‍ ഇതായിരിക്കാം വായിച്ചു പോകുമ്പോള്‍ വേദനയറിയുന്നു മനസ്സില്‍ ദയ നിറയുന്നു. കവിത വിജയിച്ചിരിക്കുന്നു കവിയും

ഭൂമിപുത്രി said...

“വരന്റെ പുത്തന്‍ കുടയ്ക്കടിയില്‍
പുതിയ ആകാശങ്ങള്‍ തിരയുന്നു..”
ഈ വരികളില്‍ കുറേ പറയുന്നല്ലോ ഛായ!