ചിലതു നില്പൂ ബാക്കിയിനിയുമായുസ്സോടെ-
യിടനെഞ്ചോരം പൊട്ടിയുതിരും കനല്‍ വാക്കില്‍-
ദഹിക്കാന്‍; മറുവാക്കാല്‍ മുറിയാന്‍; കണ്ണീരുപ്പില്‍
തുടിക്കാന്‍; ഇടയ്ക്കൊന്നു പിടയാനരുതാതെ-
യൊടുങ്ങാന്‍ മാത്രമായി ചിലതു നില്‍പ്പൂ ബാക്കി.
നിത്യവുമുള്ളം തോറ്റിയെടുക്കും സ്മൃതികളാല്‍
ലവണകണികകള്‍ തുളുമ്പും മിഴികളെ
തൊട്ടുനോക്കുന്നൂ കനിവുറവിന്‍ വിരല്‍ത്തുമ്പാല്‍
പിച്ചവച്ചടുത്തെത്തും കുഞ്ഞരിപ്രാവാം മകള്‍
മകളേ, നിന്നോടെന്തു പറയാനെനിക്കുള്ളൂ!
നിലാവിന്‍ കടലല്ലോ നീ,യെന്റെയകം പൊരുള്‍.
മൊഴിയാറായില്ലൊന്നും, വാക്കുകള്‍ തിരതള്ളും
ചോരിവാ കുടിക്കായ്ക മിഴിനീരൊരുനാളും.
വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍ ചികയായ്കൊരിക്കലും
നോക്കിനും വിഷം ചീറ്റും വാലറ്റമുണ്ടെന്നൊര്‍ക്ക
തണലിന്നരികിലായെരിക്കും കൊടുംവെയില്‍
രണ്ടടി മാറിക്കാത്തു കാത്തുനില്‍ക്കുന്നൂ നമ്മെ.
എന്‍ വിരല്‍ വിടായ്ക നീ, വഴികാണിക്കാനല്ല,
അമ്മയാണല്ലോ നീയിന്നമ്മയാമീയുള്ളോള്‍ക്കും.
പാഥേയം പകുത്തുണ്ണാനൊരുങ്ങാം നമുക്കിനി-
യിറങ്ങാം വഴിവക്കില്‍ കാത്തുനില്‍ക്കുന്നൂ പകല്‍.
കൊള്ളിവാക്കിലൂറുന്ന ശാസനാസ്വരങ്ങളും
അടക്കാനാവാതെങ്ങും കുതറിപ്പരന്നുപോം
മനസ്സിന്‍ വിതുമ്പലും കയ്പെഴും പഴങ്കഥ
മറക്കാം നമുക്കവ, കടലില്‍ കലക്കിടാം.
Subscribe to:
Post Comments (Atom)
2 comments:
"വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍ ചികയായ്കൊരിക്കലും
നോക്കിനും വിഷം ചീറ്റും വാലറ്റമുണ്ടെന്നൊര്‍ക്ക
തണലിന്നരികിലായെരിക്കും കൊടുംവെയില്‍
രണ്ടടി മാറിക്കാത്തു കാത്തുനില്‍ക്കുന്നൂ നമ്മെ."
ഇതും നന്നായിരിക്കുന്നു. ആദ്യത്തെ അഭിപ്രായം എഴുതാന്‍ കഴിഞ്ഞതില്‍ സന്തോഷം. വിഷയം ഉള്ളില്‍ തറക്കും പോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.
word varification എടുത്തു മാറ്റിക്കൂടെ.
നന്നായിരിക്കുന്നു.
Post a Comment